Quick Enquiry

Kerala On Road Official Blog

Posted on : 14 December 2016
1154

ആദ്യ വാഹനത്തിന്റെ ഓർമകളിലേക്കൊരു മടക്കയാത്ര

ഓർക്കുന്നുണ്ടോ പണ്ട് അച്ഛന്റെ സ്കൂട്ടറിന്റെ മുന്നിൽ നിന്ന് കൊണ്ട് അഭിമാനത്തോടെ യാത്ര ചെയ്ത കാലം!! ജീവിതത്തിൽ ഒരിക്കലെങ്കിലും അത്തരമൊരു അനുഭവം ഉണ്ടാവാത്തവരുണ്ടോ? അന്ന് സ്കൂട്ടർ ഹാൻഡിലിൽ പിടിച്ചു നമ്മളാണ് അത് ഓടിക്കുന്നത് എന്ന ഭാവത്തിൽ യാത്ര ചെയ്തതും തുടരെ തുടരെ ഹോൺ മുഴക്കിക്കൊണ്ടിരുന്നതുമെല്ലാം. ഞാൻ ഇതെല്ലാം ചെയ്തിരുന്നത് ഇന്നും ഓർക്കുന്നുണ്ട്.
അച്ഛന്റെ സ്കൂട്ടറിന്റെ മുന്നിൽ നിന്ന് കൊണ്ട് യാത്ര ചെയ്യാനുള്ള അവകാശം ഞാൻ ആസ്വദിച്ചിരുന്നു. അതേസമയം എൻറെ ജ്യേഷ്ഠന് അമ്മയോടൊപ്പം പുറകിലെ സീറ്റിലിരുന്നു യാത്ര ചെയ്യുക മാത്രമായിരുന്നു വഴി. ഈ കാര്യം കൊണ്ട് തന്നെ ജ്യേഷ്ഠൻ അല്പം അസൂയയോടെയാണ് എന്നെ നോക്കിയിരുന്നത്. അപ്പോൾ ഞാൻ അവിടെ നിന്ന് തിരിഞ്ഞു നോക്കി ഒരു വില്ലൻ ചിരി ചിരിക്കുമായിരുന്നു.

വളരുക എന്നത് അനിവാര്യമാണല്ലോ. നമ്മളെല്ലാം ജീവിതത്തിലെ ആ ചെറിയ സന്തോഷങ്ങളിൽ നിന്ന് വളർന്ന് വരികയും ചെയ്യും. തിരിഞ്ഞു നോക്കുമ്പോൾ എത്ര മാത്രമാണ് ഞാൻ ആ ജീവിതം മിസ് ചെയ്യുന്നത് എന്ന് തിരിച്ചറിയുന്നു. ഒരു പക്ഷെ നിങ്ങൾക്കെല്ലാം അതേ തോന്നൽ ഉണ്ടായിരിക്കാം. അതുപോലെ നിങ്ങളിൽ കുറച്ചു പേർക്കെങ്കിലും എന്റെ ആ കാലത്തെ ഓർമ്മകൾ നിങ്ങളുടേതും കൂടിയായി തോന്നാം.

അങ്ങനെ കാലം കടന്നു പോയി. പിന്നീട് നിങ്ങൾ നിങ്ങളുടെ കൂട്ടുകാർ സൈക്കിൾ ചവിട്ടുന്നത് കാണുന്നു. സ്വാഭാവികമായും അടുത്ത ആഗ്രഹം ഒരു സൈക്കിൾ സ്വന്തമാക്കുക എന്നതായിരിന്നു. പക്ഷെ അതിനു ആദ്യം സൈക്കിൾ ചവിട്ടാൻ പഠിക്കണം. അവിടെയും അച്ഛൻ തന്നെയാണ് നമ്മുടെ സൂപ്പർഹീറോ. അച്ഛൻ ഒരു സൈക്കിൾ അടുത്തുള്ള കടയിൽ നിന്നും വാടകക്ക് വാങ്ങി കൊണ്ട് തരുന്നു. ( ഞാൻ ഓർക്കുന്നു അക്കാലത്ത് സൈക്കിൾ വാടകക്ക് കൊടുക്കുന്ന കടകൾ എല്ലായിടത്തും ഉണ്ടായിരുന്നു. ചെറിയ പ്രതീക്ഷകളും സ്വപ്നങ്ങളുമായി അന്ന് ജീവിതം മനോഹരമായിരുന്നു) അങ്ങനെ നമുക്കറിയാം, എത്ര വേഗം നമ്മൾ സൈക്കിൾ ചവിട്ടാൻ പഠിക്കുന്നുവോ അത്രയും വേഗം നമ്മുടെ സ്വന്തം സൈക്കിൾ എന്ന ആഗ്രഹവുമായി സൂപ്പർഹീറോയെ സമീപിക്കാം എന്ന്.

അച്ചന്റെ സഹായം കൂടാതെ നമ്മൾ ഓടിച്ചു തുടങ്ങുന്ന ആ നിമിഷം നമുക്ക് ഓർത്തെടുക്കാനാവും നമ്മുടെ മുഖത്തു വിടർന്ന ആ അഭിമാനത്തിന്റെ പുഞ്ചിരി. ഒപ്പം അച്ഛന്റെ മുഖത്തും അതേ പുഞ്ചിരി ഉണ്ടായിരുന്നു എന്ന് ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ നമുക്ക് അറിയാം.അച്ഛൻ പിടി വിട്ടതിനു ശേഷവും നമ്മൾ വീഴാതെ സൈക്കിൾ ചവിട്ടുകയാണ് എന്ന് തിരിച്ചറിയുന്ന ആ നിമിഷം. അന്ന് മുഖത്തടിചു കൊണ്ടിരുന്ന ആ നനുത്ത കാറ്റിന്റെ സുഖാനുഭവം ഇപ്പോഴും കിട്ടുന്നുണ്ട്.

അങ്ങനെ സൈക്കിൾ പാഠത്തിൻറെ നാളുകൾ സന്തോഷത്തോടെ മുന്നോട്ടുനീങ്ങിക്കൊണ്ടിരുന്നു. ഈ നേട്ടമുണ്ടാക്കുന്നതിനിടയിൽ ഉണ്ടായ ചെറുതും വലുതുമായ മുറിവുകൾ നമ്മളെ അൽപം പോലും വേദനിപ്പിച്ചിരുന്നില്ല. മറിച്ച് ആ മുറിവുകൾ നമ്മുടെ നേട്ടത്തിന്റെ അഭിമാന ചിഹ്നങ്ങളായാണ് നമ്മൾ കണക്കാക്കിയത്. ദിവസങ്ങൾ കഴിയവേ നമ്മൾ നന്നായി സൈക്കിൾ ഓടിക്കാൻ പഠിക്കുകയാണ്. പതിയെ ഒരു സൈക്കിൾ സ്വന്തമാക്കുക എന്ന ആഗ്രഹം സ്വാഭാവികമായി ഉടലെടുത്തു.


പലരും നന്നായി പഠിച്ചു നല്ല മാർക്ക്, ഗ്രേഡ് എന്നിവ സ്വന്തമാക്കി മാതാപിതാക്കളോട് കരഞ്ഞും യാചിച്ചും, എന്തിനേറെ പട്ടിണി സമരം വരെ നടത്തിയുമൊക്കെയാവും ആഗ്രഹം സഫലീകരിച്ചിട്ടുണ്ടാവുക.

അങ്ങനെ അച്ഛൻ ആ ആഗ്രഹം നടത്തി തന്നു. സ്വന്തമായി ഒരു സൈക്കികൾ കിട്ടിയതിനു ശേഷം നമുക്കുണ്ടായ ആ സന്തോഷം, ഇന്നു എത്ര വലിയ സാധനങ്ങൾ വാങ്ങിക്കുമ്പോഴും കിട്ടാറില്ല. സീറ്റിലും ഹാൻഡിലുമെല്ലാം വിരലോടിച്ചു നോക്കി സ്വയം സന്തോഷിച്ച നിമിഷങ്ങൾ. എനിക്ക് തോന്നുന്നു, അടുത്തതായി നമ്മൾ ചെയ്തിരുന്നത് ബെൽ തുടർച്ചയായി മുഴക്കി ആനന്ദിക്കുകയാണ്. നിങ്ങളിൽ ചിലരെങ്കിലും ലോക്ക് ചെയ്തും അഴിച്ചും പല തവണ, അത് പുറത്തു സൂക്ഷിക്കുന്നത് എത്രത്തോളം സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തിയിരിക്കും. എല്ലാത്തിലുമുപരി, അമ്മക്ക് ഒരു കുഞ്ഞിനെ കിട്ടിയതുപോലെയാകും നിങ്ങൾക്കത്.

ഒരു വാഹനത്തിന്റെ ഉടമയായിരിക്കുക, യഥാർത്ഥത്തിൽ നമ്മുടെ വീട്ടിൽ നമുക്ക് മാത്രം സ്വന്തമായ, നമ്മൾ ലോകത്തിന്റെ നെറുകിലാണെന്നു തോന്നിപ്പിക്കുന്ന ഒരേ ഒരു വസ്തു അതായിരിക്കും.

മിക്കവാറും ആദ്യ യാത്രകൾ നിങ്ങളുടെ കൂട്ടുകാരുടെ വീട്ടിലേക്കു തന്നെയായിരിക്കും. അവരുടെ വീടിനു മുന്നിലെത്തി തുടരെ ബെൽ മുഴക്കി ശ്രദ്ധ ആകർഷിക്കാൻ നിങ്ങൾ ശ്രമിച്ചിട്ടുണ്ടാകും. അടുത്ത കുറെ ദിവസങ്ങളിൽ നിങ്ങൾ സൈക്കിൾ കഴുകി തുടച്ചു മിനുക്കി തുരുമ്പു വരാതെ സൂക്ഷിച്ചു കൊണ്ടിരുന്നിരിക്കും. പതിയെ ഈ ശീലങ്ങളിൽ മാറ്റം വരാൻ തുടങ്ങി. പഠിക്കാൻ സമയം തികയുന്നില്ല എന്ന പരാതി പറഞ്ഞ് നിങ്ങൾ അത് കഴുകാൻ, എന്തിന് തുടക്കാൻ പോലും മടി കാണിച്ചിട്ടുണ്ടാകും. പക്ഷെ അപ്പോഴും കൗമാരകാലത്തെ നിങ്ങളുടെ പ്രിയ സുഹൃത്ത് തന്നെയായിരിക്കുമത്.


വർഷങ്ങൾ കഴിയുമ്പോൾ, ഒരിക്കൽ നിങ്ങളുടെ കണ്ണിൽ പ്രകാശം വിടർത്തിയിരുന്ന ആ വാഹനം, ഗാരേജിൽ ചുമരിൽ ചാരി, തുരുമ്പെടുത്തു, പൊട്ടിയ ചെയിനും, ദുർബലമായ സ്റ്റാൻഡുമായി ഒതുങ്ങി പോയി. കണ്ണാടിയില്ല, ബെല്ലില്ല, എല്ലായിടത്തും പൊടിയും തുരുമ്പും . നിങ്ങൾക്കത് ഗാരേജിന്റെ വെളിയിലേക്കെടുക്കാൻ തന്നെ ബുദ്ധിമുട്ടു തോന്നിയേക്കാം. പിന്നീട് നിങ്ങൾ ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് കടന്നുപോയി. വിദ്യാഭ്യാസത്തിനും ജോലികൾക്കുമായി പലയിടങ്ങളിലേക്കുള്ള യാത്രകൾ. പക്ഷെ നിങ്ങളുടെ ആ പഴയ സുഹൃത്ത് ആ അടഞ്ഞ ഗാരേജിൽ അതുപോലെ തന്നെ കാത്തിരുന്നു. ഒരുപക്ഷെ നിങ്ങളിൽ ചിലരെങ്കിലും അത് വിറ്റു കളഞ്ഞിട്ടുമുണ്ടാകാം.

ഒരവസരം കിട്ടുകയാണെങ്കിൽ നിങ്ങളിൽ ആർക്കൊക്കെ ആ പഴയ സുഹൃത്തിനെ കാണണമെന്നു ആഗ്രഹമുണ്ട്? അതിനെ ഒന്ന് തൊട്ടു നോക്കണമെന്നും ഓടിച്ചു നോക്കണമെന്നും, അങ്ങനെ മനോഹരമായ ആ പഴയ ഓർമകൾക്ക് ജീവൻ കൊടുക്കണമെന്നും ആഗ്രഹമുണ്ട്? എനിക്കുണ്ട്. എനിക്കുറപ്പാണ് നിങ്ങളിൽ പലരും ഈ കാര്യത്തിൽ എന്നോടൊപ്പമുണ്ടാകും. എന്നാൽ വൈകാതെ തന്നെ പോകൂ. നിങ്ങൾക്ക് ഭാഗ്യമുണ്ടെങ്കിൽ അത് അവിടെ തന്നെ ഉണ്ടാകും നിങ്ങളുടെ വരവും കാത്ത്.

0 Comments

Share Post

img
img
img

Blog Archive