Quick Enquiry

Kerala On Road Official Blog

Posted on : 17 March 2017
1794

നിബിഡ വനങ്ങൾക്ക് നടുവിലൂടെ ഒരു യാത്ര പോവാം

കേരളം- ദൈവത്തിന്റെ സ്വന്തം നാട് എന്ന് ലോകമെമ്പാടും വിശേഷിപ്പിക്കുന്ന എൻറെ നാട് തന്നെ ഈ ഭൂമിയിലെ ഏറ്റവും സുന്ദരമായ സ്ഥലം.ഈ മണ്ണിൽ ജനിച്ചു എന്നതാണ് എൻറെ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ ഭാഗ്യങ്ങളിലൊന്നായി ഞാൻ കരുതുന്നത്.ഈ നാടിനെകുറിച്ച് സംസാരിക്കാൻ ആവശ്യപ്പെട്ടാൽ മണിക്കൂറുകളോളം യാതൊരു ബുദ്ധിമുട്ടും കൂടാതെ സംസാരിക്കാൻ എനിക്ക് സാധിക്കും.


തെങ്ങുകളുടെയും കരിമ്പനകളുടെയും വൃക്ഷക്കൂടാരങ്ങളുടെയും കായലുകളുടെയും ജലാശയങ്ങളുടെയും നാട്! ഈ സന്ദർഭത്തിലെന്നല്ല, ജീവിതത്തിൽ ഏതൊരു സന്ദർഭത്തിലും എവിടെ ജീവിക്കാനാണ് ആഗ്രഹം എന്ന് ചോദിച്ചാൽ ഞാൻ നിസ്സംശയം പറയും എൻറെ നാട്ടിലെന്ന്. ഒരു കാര്യം പറയട്ടെ, എൻറെ നാടെന്ന് നാം മലയാളികൾ പറയുമ്പോൾ അത് കേരളമാണ്.കേരളത്തിന് പുറത്ത് ജീവിക്കുന്നവർ നമ്മുടെ നാടെന്ന് അഭിമാനത്തോടെ പറയുന്നത് നാം ജനിച്ച് വളർന്ന സ്ഥലത്തെപ്പറ്റി മാത്രമല്ല, പകരം ഒന്നടങ്കം കേരളത്തെ തന്നെയാണ്. കാരണം കേരളത്തിലെ ഓരോ സ്ഥലങ്ങളിലും പ്രകൃതിയും മനുഷ്യരും വെവ്വേറെയല്ല, രണ്ടും ദൈവത്തിന്റെ സ്വന്തം കയ്യൊപ്പുള്ള സൃഷ്ടികൾ തന്നെയാണ്. ആധുനികവത്കരണവും ആഘോളതാപനവും ചേർന്ന് ഈ നാടിൻറെ ഭൂരിഭാഗവും കാർന്നു തിന്നു എന്ന് വേണമെങ്കിൽ പറയാം. സാക്ഷരത നേടിയതിന്റെ അഹങ്കാരം കൂടിയായപ്പോൾ സാക്ഷരൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന നാം മനുഷ്യർ തന്നെ ഈ നാടിൻറെ വിനാശത്തിനും കാരണമായി എന്നും പറയാം. പക്ഷെ ഈ സത്യം തിരിച്ചറിഞ്ഞത് കൊണ്ടാവണം ഇക്കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇതിനെതിരെ പൊരുതാനും നഷ്ടപ്പെട്ട കേരളത്തെ പുനരാർജ്ജിക്കാനും ഇതേ സമൂഹം ,പ്രത്യാശ കൈവിടാതെ പരിശ്രമിക്കുന്നുമുണ്ട്.

നമ്മുടെ കേരളം എന്നും ദൈവത്തിന്റെ സ്വന്തംനാട് തന്നെയായിരിക്കും !!


എന്തായാലും നാടിനെ കുറിച്ച് പറയുമ്പോൾ എനിക്ക് നൂറു നാവാണെന്ന് തിരിച്ചറിഞ്ഞ സ്ഥിതിക്ക് ഈ നാട്ടിലെ പ്രകൃതിധന്യമായ ചില സ്ഥലങ്ങളെ കുറിച്ച് എഴുതിയാലോ എന്നൊരു ചിന്ത. വാസ്തവത്തിൽ ഇങ്ങനെയൊരു ആശയം മനസ്സിൽ കയറിക്കൂടിയിട്ട് കുറച്ചു നാളുകളായി. ഒരു സിനിമ കണ്ടതിന്റെ ആഫ്റ്റർ ഇഫ്ഫെക്ട് എന്ന് വേണമെങ്കിൽ പറയാം. ആ സിനിമയിലെ നായകൻ ബൈക്കെടുത്ത് ഒരു യാത്ര പോയി, നേരെ വടക്കേ ഇന്ത്യയിലേക്ക് തന്റെ കാമുകിയെയും തേടി ഒരു യാത്ര! ഒപ്പം ഉറ്റ സുഹൃത്തും! ആ സിനിമ കണ്ടപ്പോൾ ഞാൻ ചിന്തിച്ചത് മറ്റൊന്നുമല്ല, യാത്ര ചെയ്യാൻ പ്രത്യേകിച്ചൊരു കാരണം വേണോ? വെറുതെ ഒരു വിനോദയാത്ര പോവുകയാണെങ്കിൽ നമ്മുടെ ചുറ്റും വീക്കെൻഡ് ട്രിപ്പ് പോവാൻ പറ്റിയ എത്രയെത്ര സ്ഥലങ്ങളുണ്ട്? കണ്ട് മടുത്ത സ്ഥലങ്ങളെ കുറിച്ച് മാത്രം പറയാതെ ആ സ്ഥലങ്ങളിലേക്ക് നീളുന്ന യാത്രാ മാർഗത്തെകുറിച്ച് ആർക്കുമെന്താണ് ഒന്നും പറയാനില്ലാത്തത്? ഇങ്ങനെ കുറെയേറെ ചോദ്യങ്ങൾ!

യാത്ര ചെയ്യാൻ വേണമെങ്കിൽ ഒരായിരം കാരണങ്ങൾ നമുക്ക് കണ്ടുപിടിക്കാം, പക്ഷെ വെറുതെ ബൈക്കുമെടുത്ത് സുഹൃത്തുക്കളുമായി ഒരു യാത്ര പോവുന്നതിനെ കുറിച്ചോർത്തുനോക്കൂ. അലക്ഷ്യമായി ഇങ്ങനെ കെട്ടുപിണഞ്ഞുകിടക്കുന്ന വനമധ്യത്തിലൂടെ ഒരു യാത്ര. കൊച്ചരുവികളും പച്ചിലക്കൂട്ടങ്ങളും മാത്രം വഴി കാണിച്ച് തരുന്ന നിരത്തിലൂടെ ഒരു ബൈക്ക് യാത്ര. തിരക്കും ബഹളവും നിറഞ്ഞ നിങ്ങളുടെ ലോകത്തിൽ കിട്ടാത്ത സാന്ത്വനമേകുന്ന നിശബ്ദത ഭൂമിയുടെ ഈ ഭാഗത്ത് നിങ്ങൾക്ക് ലഭിക്കും. അധികമാരും പര്യടനം ചെയ്യാത്ത വഴികളാണിവ, എന്നാൽ പച്ചപ്പടർപ്പുകളുടെ ഇടനാഴിയിലൂടെ ഒരു യാത്ര എന്ന് പറയുമ്പോൾ തന്നെ മാസ്മരികതയുടെ പൊടി വിതറി അത് നിങ്ങളെ നയിക്കുന്നത് പ്രകൃതിയുടെ മടിത്തട്ടിലേക്കാണ് എന്ന് ഞാൻ ഉറപ്പു തരുന്നു.


എനിക്കിഷ്ടപ്പെട്ട ഒരു യാത്രയെ കുറിച്ച് ഞാൻ എഴുതട്ടെ. എന്റെ പഞ്ചേന്ദ്രിയങ്ങളെ സ്പർശിച്ച ഒരു യാത്ര എന്ന് ഞാൻ കരുതുന്ന ആ സഞ്ചാരമാർഗം ഞാൻ ഇവിടെ പങ്കുവെക്കാം. പക്ഷെ കേരളത്തെ കുറിച്ച് മാത്രമേ ഞാൻ പറഞ്ഞുള്ളൂവെങ്കിലും ഈ യാത്ര അതിന്റെ തനതായ ഭംഗിയിൽ പൂർത്തിയാക്കണമെങ്കിൽ തമിഴ്നാടിന്റെ ഒരു ചെറിയ ഭാഗം കൂടി ഉൾപെടുത്തേണ്ടിയിരിക്കുന്നു. ഈ റൂട്ടിലെ യാത്രക്ക് നിങ്ങൾ ബൈക്ക്/കാർ ഏത് തിരഞ്ഞെടുത്താലും ശരി, പശ്ചിമഘട്ടത്തിന്റെ ഉയർന്ന പർവ്വത നിരകളിലൂടെ പ്രകൃതി വിലാസിനിയായി മന്ദസ്മിതം തുളുമ്പുന്ന കാഴ്ച നിങ്ങളുടെ മനം മയക്കും എന്നത് തീർച്ച. കാർ ആണെങ്കിൽ നിങ്ങൾ ജാലകവും സൺറൂഫും തുറന്ന് യാത്രചെയ്യാൻ മറക്കാതിരിക്കുക, എങ്കിൽ മാത്രമേ പക്ഷികളുടെ കളകളാരവവും വനമധ്യത്തിൽ നിന്നും തഴുകിയെത്തുന്ന ഇളംകാറ്റുമെല്ലാം അനുഭവിക്കാൻ സാധിക്കൂ. ഈ യാത്രയുടെ പ്രധാന ഉദ്ദേശ്യവും അത് തന്നെയാണ്. ബൈക്ക് സഞ്ചാരികളുടെ കാര്യം പിന്നെ എടുത്തു പറയേണ്ടതില്ല. നിർവൃതിയുടെ പരമോന്നതത്തിലെത്തുമെന്ന് നിസ്സംശയം പറയട്ടെ.

എനിക്ക് ഹൃദ്യമായ ഒരു യാത്രാമാർഗത്തെ പറ്റിയാണ് ഞാൻ ഇവിടെ ഇന്നെഴുതുന്നത്. മനോഹരമായ പ്രകൃതി ദൃശ്യങ്ങളുള്ള ഒരു പാത! വഴികളും വിശദ വിവരങ്ങളും എന്നാലാവും വിധം ചേർക്കുന്നുണ്ട്.

ചാലക്കുടി- ആതിരപ്പള്ളി- വാൾപാറ- മൂന്നാർ

ചാലക്കുടിയിൽ ആരംഭിച്ച് മഴക്കാടുകൾക്ക് നടുവിലൂടെ, കുലീനമായി ഒഴുകിയെത്തുന്ന നീർച്ചാലുകളിലൂടെ ഞാൻ നിങ്ങളെ ആനയിച്ച് കൊണ്ട് പോകുന്നത് മൂന്നാറിന്റെയും വാൾപാറയുടെയും തേയിലത്തോട്ടങ്ങളിലേക്കാണ്.

കൗതുകാത്മകമായ ആതിരപ്പള്ളി വെള്ളച്ചാട്ടം, പിന്നെ വാൾപാറയിലെ ചായത്തോട്ടങ്ങളും വനപ്രദേശങ്ങളും, പിന്നെ മൂന്നാറിലെ മഞ്ഞും കാഴ്ചകാണലുമൊക്കെയാണ് ഞാൻ പറയാൻ പോകുന്നതെന്ന് തെറ്റിദ്ധരിച്ചുവെങ്കിൽ ശ്രദ്ധിക്കുക. ഞാൻ നേരത്തെ സൂചിപ്പിച്ചത് പോലെ എന്നെ ആകർഷിച്ചത് ഈ സ്ഥലങ്ങൾ മാത്രമല്ല, ഇവിടത്തേക്ക് നീളുന്ന യാത്രകളാണ്. അത്യധികം സാഹസികത നിറഞ്ഞ 390kms. 80kms നീളുന്ന നിബിഢ വനത്തിലൂടെയുള്ള യാത്ര തികച്ചും മനോബലവും ധൈര്യവും ആവശ്യപ്പെടുന്നതാണ്. ഓജസ്വിയായ ആതിരപ്പള്ളിവെള്ളച്ചാട്ടത്തിന്റെ ഇരമ്പം കേട്ട് തുടങ്ങുന്ന യാത്രക്കൊടുവിൽ മൂന്നാറിലെ തണുപ്പിൽ വിശ്രമിക്കുമ്പോൾ കടന്നുവന്ന യാത്രയുടെ സ്വർഗീയാനുഭൂതി മതി, നിങ്ങളെ ജീവിതത്തിലെ ഏതൊരു പിരിമുറക്കത്തിൽ നിന്നും കരകയറ്റാൻ.


എന്നാൽ യാത്ര തുടങ്ങാം?? ഒരു കാര്യം ആദ്യം തന്നെ പറയട്ടെ!

നിങ്ങൾ ഭൂമിയുടെ ഏത് കോണിൽ ജീവിക്കുന്നവരാണെങ്കിലും ശരി, ഈ ഒരു പ്രദേശത്തിന്റെ അംശം, ഇവിടെ കലർപ്പില്ലാത്ത പ്രകൃതി ദൃശ്യങ്ങളാവും നിങ്ങൾ കാണുക. നനവും വഴുക്കലുമുള്ള പാറക്കെട്ടുകളാവട്ടെ, നിരപ്പല്ലാത്ത പാതകളാവട്ടെ, കാഴ്ചക്കാർക്ക് പിടികൊടുക്കാത്ത അപൂർവ ഇനം ജീവികളാവട്ടെ എല്ലാം ഇവിടെ കണ്ടെന്നിരിക്കാം. അന്നേരം മൊബൈൽ സിഗ്നലും ടവറും തേടി യാത്രയുടെ മനോഹാരിത കളയാതിരിക്കാൻ ഞാൻ നിങ്ങളോട് അപേക്ഷിക്കുകയാണ്.

ഇതാ, പ്രകൃതിയുടെ വശ്യ സൗന്ദര്യത്തിൽ മയങ്ങിയൊരു യാത്രക്ക് തയ്യാറായിക്കോളൂ!!

യാത്ര ഒരു പക്ഷെ കൊച്ചിയിൽ നിന്നോ പാലക്കാട്ട് നിന്നോ ആണ് നിങ്ങൾ ആരംഭിക്കുന്നതെങ്കിൽ പുലർച്ചെ തന്നെ പുറപ്പെട്ട് കാലത്ത് 7 മണിക്ക് മുൻപായി ചാലക്കുടി എത്തണം. കൊച്ചിയിൽ നിന്നും ചാലക്കുടിയിലേക്ക് ഏകദേശം 60kms ആണ്, പാലക്കാട്ട്നിന്നും 90kms ഉം. അത് കൊണ്ടാണ് നേരത്തെ തന്നെ പുറപ്പെടാൻ ആവശ്യപ്പെട്ടത്. അവിടെ എത്തി ഒരു കാപ്പിയും പ്രഭാത ഭക്ഷണവും കഴിഞ്ഞ് നേരെ ആതിരപ്പള്ളിയിലേക്ക്.ചാലക്കുടിയിൽ നിന്നും ആതിരപ്പള്ളിയിലേക്ക് 25kms, അവിടെ വെയിൽ ചൂട് പിടിക്കുമ്പോഴേക്കും എത്തിയാൽ വേണമെങ്കിൽ വെള്ളച്ചാട്ടം ഒഴുകിയെത്തുന്ന താഴത്തെ അരുവിയിൽ ഒരു കുളിയാവാം. വെള്ളച്ചാട്ടം ഏകദേശം 80 അടി ഉയരത്തിൽ നിന്നാണ് പ്രവഹിക്കുന്നത്, ഇതിന്റെ ഗാമ്പീര്യം ഏറ്റവും കൂടുതൽ കാണാവുന്നത് കാലവർഷം കനക്കുമ്പോഴാണ്. അവിടെ നിന്നിറങ്ങിയാൽ ചുറ്റും വേറെയും കുറെ ചെറു അരുവികളും വെള്ളച്ചാട്ടങ്ങളും വന്യമൃഗ സംരക്ഷണകേന്ദ്രങ്ങളും എല്ലാമുണ്ട്. പക്ഷെ ചുറ്റി നടന്ന് കാണാൻ വെറുമൊരു യാത്രികനല്ലാത്തത്കൊണ്ട് ഞാൻ നിങ്ങളെ അടുത്ത ലക്ഷ്യത്തിലേക്ക് കൂട്ടി കൊണ്ടു പോവുകയാണ്- വാൾപാറ.


തമിഴ്നാടിന്റെ ഉൾപ്രദേശങ്ങളിലെ ഒരു ചെറിയ മലമ്പ്രദേശമാണ് വാൾപാറ. ഇവിടേക്ക് പോവുന്ന വഴി കുറ്റിക്കാടുകൾക്ക് നടുവിലൂടെയുള്ള ഒരു ഇടുങ്ങിയ പാതയായതിനാൽ ചങ്കൂറ്റവും മനോബലവും അത്യന്താപേക്ഷിതമാണ്. ഇത്കൊണ്ട് തന്നെ രാവിലെ നേരത്തേ പുറപ്പെട്ട് സൂര്യൻ അസ്തമിക്കുമ്പോഴേക്കും വാൾപാറ എത്താൻ ശ്രദ്ധിക്കുക. ചെക്ക് പോസ്റ്റിലൂടെ സന്ധ്യക്ക് ശേഷം വാഹനങ്ങൾ അനുവദിക്കാറില്ല താനും. പകൽ നേരമായാൽ പോലും യാത്രാമധ്യേ ആകെ കാണാവുന്നത് എപ്പോഴെങ്കിലും ഒന്നോ രണ്ടോ ആദിവാസികളെയോ ഒറ്റപ്പെട്ട കൂടാരങ്ങളോ മുളക്കെട്ടുകളോ ആയിരിക്കും.

വഴിമധ്യേ പെരിങ്ങൽക്കുത്ത്, ഷോളയാർ എന്നിങ്ങനെ രണ്ടു ജലസംഭരണികൾ കാണാം.ഇവ ഹരിതവനങ്ങളുമായി ഇഴുകിച്ചേർന്ന് കിടക്കുന്നത് കാണുമ്പോൾ ചലച്ചിത്രഗാനരംഗങ്ങൾക്ക് പറ്റിയ പശ്ചാത്തലം പോലെ തോന്നാം. ഷോളയാർ ഡാം കഴിഞ്ഞ് 19kms കൂടി കടന്നാൽ വാൾപാറ എത്തും. അവിടെ ബാഗ് ഇറക്കിവെച്ച് ഉച്ചയൂണ് കഴിഞ്ഞാൽ അൽപം വിശ്രമിക്കാം. താമസത്തിനായി കുറെ നല്ല ഗസ്റ്റ്ഹൗസുകളും സ്വകാര്യ ബംഗ്ലാവുകളും ഉള്ളത്കൊണ്ട് അവിടെ ക്ഷീണം മാറ്റുകയും അടുത്ത ദിവസത്തെ യാത്രക്ക് തയ്യാറെടുക്കുകയും ചെയ്യാം.

രാവിലെ എഴുന്നേറ്റ് കുളിയും ബ്രേക്ക് ഫാസ്റ്റും കഴിഞ്ഞാൽ മൂന്നാറിലേക്ക് പുറപ്പെടാം. ഈ യാത്രയും ഇത് വരെ കടന്ന് വന്ന വഴികൾ പോലെ തന്നെ മനോഹരമാണ്. ആളിയാർ ഡാം- ആനമലൈ ദലി റോഡ്- തിരുമൂർത്തി ഡാം- മറയൂർ-ഗുണ്ടുമല-മൂന്നാർ ഇങ്ങനെ നീളുന്നതാണ് ഈ റോഡ് മാപ്. 153kms ദൂരമുള്ള ഈ പാതയിൽ മൂന്ന് ജലസംഭരണികളാണുള്ളത്. ഇവിടങ്ങളിലെല്ലാം ദൈവം തന്റെ ക്യാൻവാസിൽ നിന്നും പച്ചനിറവും നീലനിറവും ഇഷ്ടംപോലെ ഉപയോച്ചിട്ടുണ്ട് എന്ന് കാണാം. പർവ്വതശിഖരങ്ങളെ ഒരു വെള്ളപുതപ്പ് കൊണ്ട് മൂടിയിരിക്കുന്ന മേഘങ്ങളെ നിങ്ങൾ പിന്തുടർന്ന് യാത്ര ചെയ്യുമ്പോൾ അത് വരെ നിങ്ങളുടെ ഉള്ളിൽ നിറഞ്ഞുനിന്ന ആവേശം ഉയർന്ന് മനസ്സുഖത്തിന്റെ പരമോന്നതിയിലെത്തുന്നത് നിങ്ങൾക്കനുഭവപ്പെടാം. അതാണ് ഈ യാത്രയുടെ പ്രധാനലക്ഷ്യവും.

മൂന്നാറെത്തിയാൽ തേയിലത്തോട്ടങ്ങൾ അഭിമുഖീകരിച്ച് നിൽക്കുന്ന ഏതെങ്കിലും കോട്ടേജിൽ ചെക്ക്ഇൻ ചെയ്ത് ഉച്ചഭക്ഷണവും കഴിച്ച് വിശ്രമിക്കുക. ഇവിടെ ഒരു ദിവസം താമസിച്ച് ഈ യാത്രയുടെ ഓർമ്മകൾ അയവിറക്കി കഴിയുമ്പോൾ മനസ്സിലാവും, പ്രകൃതിയുടെ മനോഹാരിത തേടി ഒരുപാടകലെയുള്ള സ്ഥലങ്ങളിലേക്കൊന്നും പോവേണ്ട കാര്യമില്ല എന്ന്.

യാത്രാക്ഷീണം മാറ്റാൻ മൂന്നാറിൽ സുഖിച്ച് ഉറങ്ങുന്നത് കൊള്ളാം, പക്ഷെ രാവിലെ നേരത്തെ എഴുന്നേറ്റാൽ മലമുകളിൽനിന്നും മഞ്ഞ് അതിന്റെ വെളുത്ത കമ്പിളി പതിയെ ഉയർത്തുന്നത് കാണാം. ഈ കാഴ്ചകളൊക്കെയും ഇവിടെ മാത്രമേ ലഭിക്കുകയുള്ളു എന്നോർക്കുക. ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞാൽ യാത്ര തിരിക്കാം.


ഞാൻ ഈ ബ്ലോഗ് എഴുതിയപ്പോൾ കൂടിപോയാൽ മൂന്ന്ദിവസം നീളുന്ന ഒരു യാത്രയാണ് ഉദ്ദേശിച്ചത്. പക്ഷെ നിങ്ങൾക്ക് ഒന്നോ രണ്ടോ ദിവസം അധികമുണ്ടെങ്കിൽ വാൾപാറയിലെയും മൂന്നാറിലെയും താമസം ഓരോ ദിവസം വെച്ച് ദീർഘിപ്പിക്കാവുന്നതാണ്. സൈറ്റ്സീയിങ് താൽപര്യമുള്ളവർക്ക് കാണാൻ കുറെ സ്ഥലങ്ങൾ ഉണ്ടെങ്കിലും എന്നോട് ചോദിക്കുകയാണെങ്കിൽ തണുപ്പും ആസ്വദിച്ച് ദിവസം മുഴുവൻ അലസമായിരുന്ന് നേരംകളയാനാവും ഞാൻ തീരുമാനിക്കുക. എന്തൊക്കെയാണെങ്കിലും ഞാൻ എന്റെ ഒഴിവു ദിവസങ്ങളെ ആഘോഷിക്കുക ഇങ്ങനെയാണ്,നിങ്ങളോ??

2 Comments

Share Post

img
img
img

Blog Archive