Quick Enquiry

Kerala On Road Official Blog

Posted on : 15 June 2017
806

അഡ്വെഞ്ചർ ടൂറർ- ഹോണ്ട ആഫ്രിക്ക ട്വിൻ Vs കാവസാക്കി വേർസിസ് 1000L Vs ട്രയംഫ് ടൈഗർ 800

കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ഹോണ്ട ആഫ്രിക്ക ട്വിൻ ഇവിടെ വിപണിയിലെത്തിയത്. അതും Rs. 12.9 ലക്ഷം എന്ന കിടിലൻ വിലയ്ക്ക്. ഇതിന്റെ മറ്റൊരു പേര് CRF 1000L എന്നും ഇത് ഇന്ത്യയിലെത്തുന്നത് സി കെ ഡി യൂണിറ്റുകളായാണ് എന്നും നമുക്കെല്ലാം നേരത്തെ തന്നെ അറിയാവുന്നതായിരുന്നു. (ഇനി സി കെ ഡി എന്നാൽ എന്താണ് എന്ന് അറിയാത്തവർക്കായി - സി കെ ഡി യൂണിറ്റ് എന്ന് വെച്ചാൽ കംപ്ലീറ്റ്ലി നോക്ഡ് ഡൌൺ യൂണിറ്റ്, അതായത് ഭാഗങ്ങളായി ഇറക്കുമതി ചെയ്ത് അവയെ ഇവിടെ കമ്പനിയുടെ ഫാക്ടറിയിൽ സംയോജിപ്പിക്കുകയാണ് ചെയ്യുക.) ഇനി തുടരട്ടെ…
കുറെ കൂടി വിശേഷങ്ങളാണ് ഇനി ഞാൻ എഴുതാൻ പോവുന്നത്. ഈ യൂണിറ്റുകളെല്ലാം തന്നെ ഇന്ത്യയിൽ തന്നെ സംയോജിപ്പിക്കുകയും കമ്പനിയുടെ 22 സിറ്റികളിലായുള്ള വിങ് വേൾഡ് ഔട്ലെറ്റുകളിലൂടെ വില്പനയ്ക്ക് എത്തുകയാണ്. ഈ 1000cc അഡ്വെഞ്ചർ ടൂറർ തന്റെ ശക്തമായ എതിരാളികളായ കാവസാക്കി വേർസിസ് 1000, സുസുക്കി വി-സ്ട്രോം എന്നിവരുമായി മാത്രമല്ല വിപണിയിലെ നായകനായ ട്രയംഫ് ടൈഗർ 800 എന്നീ ബൈക്കുമായും മത്സരിക്കാൻ തയ്യാറായാണ് എത്തിയിരിക്കുന്നത്. ഇവരിൽ ആരാണ് മുമ്പൻ എന്ന് തീരുമാനിക്കാൻ വരട്ടെ. ഒന്ന് താരതമ്യം ചെയ്ത് നോക്കിയാലോ?? ഒരു പക്ഷെ, ഇന്ത്യയിൽ ഇന്ന് ഏറ്റവും കൂടുതൽ താരതമ്യം ചെയ്യപ്പെടുന്ന മൂന്ന് ബൈക്കുകളെ കുറിച്ചാണ് ഞാൻ എഴുതാൻ പോവുന്നത് എന്ന് വേണമെങ്കിൽ പറയാം. കാരണം അത്രയ്ക്ക് ചർച്ചാവിഷയമാണ് ഇവർ മൂവരും ഇന്നത്തെ തലമുറയ്ക്കിടയിൽ എന്നാണ് അന്വേഷിച്ചപ്പോൾ എനിക്കറിയാൻ സാധിച്ചത്.

സ്റ്റൈൽ
ഹോണ്ട ആഫ്രിക്ക ട്വിന്നിൽ പഴമയും പുതുമയും സംയോജിപ്പിച്ചു കൊണ്ട് വ്യത്യസ്തമായ ഒരു സ്റ്റൈലാണ് കാണാൻ സാധിക്കുന്നത്. ഇരട്ട ഹെഡ്ലാംപുകൾക്ക് മുകളിലായി തല ഉയർത്തി നിൽക്കുന്ന വിൻഡ്സ്ക്രീനും, ഏറോഡൈനാമിക് ഫേറിങ്ങും, ചെറിയ ഫെൻഡറും, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും, 21 ഇഞ്ചിന്റെ സ്പോക്ക് വീലുകളും ഉയർന്ന സീറ്റും എല്ലാം ചേർന്ന് ഒരുത്തമ അഡ്വെഞ്ചർ ടൂറർ ന്റെ ലുക്ക് നൽകുന്നുണ്ട്.

ഒരു ഡ്യുവൽ പർപ്പസ് മോട്ടോർസൈക്കിൾ എന്ന് വിളിക്കാവുന്ന കാവസാക്കി വേർസിസ് 1000L ഒരു അഡ്വെഞ്ചർ ടൂറർ കൂടിയാണ്. ഇതിന്റെ ഉയർന്ന നിൽപ്പും, ചെറുതാണെങ്കിലും അഡ്ജസ്റ്റ് ചെയ്യാവുന്ന വിൻഡ്സ്ക്രീനും, നീണ്ട സീറ്റും, പരന്ന ഹാൻഡിൽബാറും 17 ഇഞ്ചിന്റെ അലോയ് വീൽസും ഇതിനെ ആഫ്രിക്ക ട്വിന്നിൽ നിന്നും വേർതിരിച്ച് ഒരു ഓൺ-റോഡർ ലുക്കാണ് നൽകുന്നത്.

ട്രയംഫ് ടൈഗർ 800 നെ കുറിച്ച് പറയുകയാണെങ്കിൽ ഇതിന്റെ മുൻവശത്തെ എടുത്തുകാണുന്ന ബീക് എന്ന് വിശേഷിപ്പിക്കുന്ന ഭാഗവും, ചെറിയ ഫെൻഡറും ഒരു പഴഞ്ചൻ ബൈക്കിന്റെ സ്റ്റൈലാണ് ഓർമപ്പെടുത്തുന്നത്. എന്നാൽ മറ്റുള്ളവരെ പോലെ തന്നെ ഉയർന്ന സീറ്റിങ് പൊസിഷനും, മറ്റുള്ളവരെക്കാൾ മേൽപ്പോട്ട് ഉയർന്ന് നിൽക്കുന്ന സൈലൻസറും ചെറിയ വിൻഡ്സ്ക്രീനും 21 ഇഞ്ചിന്റെ വലിയ സ്പോക്ക് വീൽസും ഒരു അഡ്വെഞ്ചർ ടൂററിന് വേണ്ട ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും കൂടിയാവുമ്പോൾ ടൈഗറിന് എന്ത് കൊണ്ടും മേല്പറഞ്ഞവരുമായി മത്സരിക്കാൻ പ്രാപ്തിയുണ്ട് എന്ന് വേണം മനസ്സിലാക്കാൻ.സവിഷേശതകൾ

ആഫ്രിക്ക ട്വിന്നിൽ LED ഹെഡ്ലൈറ്റുകൾ, LED ടെയിൽ ലൈറ്റുകൾ, LED ഇൻഡിക്കേറ്റർ, LCD അനലോഗ്-ഡിജിറ്റൽ ഡിസ്പ്ലേ, അക്സെസ്സറി സോക്കറ്റ് എന്നിങ്ങനെ നിരവധി സവിശേഷതകളുണ്ട്. ഹോണ്ടയുടെ സെലെക്ടബിൾ ടോർക് കണ്ട്രോൾ മറ്റും എബിഎസ് ഉള്ളതിനാൽ വ്യത്യസ്ത പ്രതലങ്ങളിൽ ഓടിക്കുവാൻ വ്യത്യസ്ത റൈഡിങ് മോഡുകൾ സഹായിക്കുന്നുണ്ട്. സീറ്റിന്റെ ഉയരം (820mm-840mm) ക്രമീകരിക്കാവുന്നതാണെങ്കിലും ഉയരം കുറഞ്ഞവർക്ക് ഈ ബൈക്ക് ഓടിക്കുന്നത് ഒരു വെല്ലുവിളി തന്നെയാണ്. മറ്റൊരു പ്രധാന സവിഷേശത എന്നത് ഇതിന്റെ ജി സ്വിച്ചാണ്. ജി സ്വിച്ച് അഥവാ ഗ്രേവൽ സ്വിച്ച്, ക്ലച്ചിനെ സെമി-ക്ലച്ച് അവസ്ഥയിലേക്ക് മാറ്റുകയും ഇത് മൂലം നേരിട്ടൊരു ബന്ധം ത്രോട്ടിലുമായി സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത് വാഹനം ഓടിക്കുന്നയാൾക്ക് തീർത്തും സുഗമമായ യാത്രയാണ് സമ്മാനിക്കുന്നത്.

നിരവധി സവിശേഷതകളാണ് കാവസാക്കി വേർസിസ് 1000L ലുമുള്ളത്. LCD സ്ക്രീനിൽ സ്പീഡോമീറ്ററും അനലോഗ് സ്റ്റൈലിലുള്ള ടാക്കോമീറ്ററും മാത്രമല്ല ക്ലോക്ക്, ഡ്യൂവൽ ട്രിപ്പ് മീറ്റർ, ഓഡോമീറ്റർ, നിലവിലേയും ശരാശരിയുമായ ഇന്ധന ചെലവ്, അന്തരീക്ഷത്തിലെ താപനില, ഫ്യൂഎൽ ഗേജ് എന്നിങ്ങനെ കുറെ അതിശയിപ്പിക്കുന്ന കാഴ്ചകളുണ്ട്. ഇത് കൂടാതെ ഏതൊരു പ്രതലത്തിലും അനായാസേന യാത്ര ചെയ്യാവുന്ന വിധം വാഹനത്തിൽ യാത്രികന് കൂടുതൽ നിയന്ത്രണം ചെലുത്താൻ എബിഎസ് സഹായിക്കുന്നു. എന്നിരുന്നാലും ഇവിടെയും ഉയർന്ന സീറ്റ്(840mm) ഉയരം കുറഞ്ഞവർക്ക് അല്പം ബുദ്ധിമുട്ടുണ്ടാക്കിയേക്കാം എന്ന് എടുത്തു പറയേണ്ടതാണ്.

ട്രയംഫ് ടൈഗർ 800 ന്റെ നവീകരിച്ച ഇൻസ്ട്രുമെന്റ് ഡിസ്പ്ളേയിൽ ശരാശരി വേഗത, ഇന്ധന ക്ഷമത, മൂന്ന് റൈഡിങ് മോഡുകൾ എന്നിങ്ങനെയുള്ള സവിശേഷതകളുണ്ടെങ്കിലും എതിരാളികളെ വെല്ലുവിളിക്കാൻ തക്കതായി ഒന്നും തന്നെയില്ല. എന്നിരുന്നാലും റൈഡ്-ബൈ-വയർ ടെക്നോളജി, വ്യത്യസ്ത റൈഡിങ് മോഡുകൾക്കായി ട്രാക്ഷൻ കണ്ട്രോൾ, ക്രൂയിസ് കണ്ട്രോൾ, ഇരട്ട അക്സെസ്സറി സോക്കറ്റ്, ഓരോ പ്രതലങ്ങൾക്കനുസരിച്ച് മാറ്റാവുന്ന എബിഎസ് എന്നിങ്ങനെ കുറെ സവിശേഷതകൾ ഉള്ളത് കൊണ്ട് സുഗമമായ യാത്രയും യാത്രികന് സംതൃപ്തിയും ഉറപ്പിക്കാവുന്നതാണ്. സീറ്റിന്റെ ഉയരമാണെങ്കിൽ മറ്റ് രണ്ട് വാഹനങ്ങളെക്കാളും വളരെ താഴെയാണ് എന്ന് മാത്രമല്ല ക്രമീകരിച്ച് 790mm വരെയും താഴ്ത്താവുന്നതാണ് എന്നതിനാൽ എല്ലാ യാത്രക്കാർക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതാണ് ടൈഗർ 800.എൻജിൻ

ഹോണ്ട ആഫ്രിക്ക ട്വിന്നിന് കരുത്തേകുന്ന 999cc പാരലൽ ട്വിൻ എൻജിൻ ഉദ്ദേശം 87bhp കരുത്തും 92Nm ടോർക്കും ഉല്പാദിപ്പിക്കുന്നു. മറ്റ് രണ്ടു ബൈക്കുകളേക്കാൾ ഇതിന്റെ പവർ ടു വെയിറ്റ് റെഷിയോ തീരെ കുറവായതിനാൽ ഇതിനെ മറ്റ് രണ്ട് ബൈക്കുകളിൽ വെച്ച് ഏറ്റവും കരുത്തനായ ബൈക്കായാണ് വിശേഷിപ്പിക്കുന്നത്. ഇതിന്റെ ഭാരം 245kg ആണ്.

കാവസാക്കി വേർസിസ് 1000Lന് കരുത്തേകുന്നത് 1043ccയുടെ നാല് സിലിണ്ടറുകളുള്ള ഇൻ-ലൈൻ എൻജിനാണ്. ഈ എൻജിനിൽ നിന്നും 9000rpmൽ 120bhp കരുത്തും 7500rpmൽ 102Nm ടോർക്കുമാണ് സൃഷ്ടിക്കപ്പെടുന്നത്. ഈ ബൈക്കിന്റെ ഭാരം 250kg ആണ്.

ടൈഗർ 800 ന് കരുത്തേകുന്ന 800cc ഇൻ-ലൈൻ ട്രിപ്പിൾ എൻജിൻ സൃഷ്ടിക്കുന്നത് 94bhp കരുത്തും പരമാവധി ടോർക്കായ 78Nm ഉമാണ്. മറ്റ് രണ്ട് വാഹനങ്ങളെ അപേക്ഷിച്ച് ഇത് വളരെ കുറവാണ്. ഈ ബൈക്കിന്റെ ഭാരം 235kg.സസ്പെൻഷൻ

ആഫ്രിക്ക ട്വിന്നിൽ മുൻവശത്ത് സസ്പെൻഷൻ കൈകാര്യം ചെയ്യുന്നത് 45mm ന്റെ ഇൻവെർട്ടഡ് ഷോവ ഫോക്സും പിൻവശത്ത് റിമോട്ട് പ്രീലോഡ് അഡ്ജസ്റ്റഡ് മോണോഷോക്ക് സസ്പെൻഷനുമാണ്. മുൻവശത്ത് ബ്രേക്കിംഗ് നിർവഹിക്കുന്നത് 310mm ന്റെ ഇരട്ട ഫ്ലോട്ടിങ് ഡിസ്ക്കും പിൻവശത്ത് 256mm ന്റെ ഒറ്റ ഫ്ലോട്ടിങ് ഡിസ്കുമാണ്.

കാവസാക്കി വേർസിസ് 1000L ന് മുൻവശത്ത് സസ്പെൻഷൻ നൽകുന്നത് 43mm ന്റെ ഇൻവെർട്ടഡ് ഫോക്സും പിൻവശത്ത് പ്രീലോഡ് അഡ്ജസ്റ്റഡ് മോണോഷോക്ക്സുമാണ്. ബ്രേക്കിംഗ് പ്രവർത്തിക്കുന്നത് മുൻവശത്ത് 310mm ൻറെ ഇരട്ട ഡിസ്ക്കും പിൻവശത്ത് 250mm ഒറ്റ ഡിസ്കുമാണ്.

ട്രയംഫ് ടൈഗറിലാണെങ്കിൽ സസ്പെൻഷൻ നൽകുന്നത് മുൻവശത്ത് 43mm ന്റെ ഇൻവെർട്ടഡ് ഷോവ ഫോക്സും പിൻവശത്ത് അഡ്ജസ്റ്റബിൾ പ്രീലോഡ് ഷോവ മോണോഷോക്ക് സസ്പെൻഷനുമാണ്. ബ്രേക്കിങ്ങിന് മുൻവശത്ത് 308mm ൻറെ ഇരട്ട ഫ്ലോട്ടിങ് ഡിസ്ക്കും പിൻവശത്ത് 255mm ന്റെ ഒറ്റ ഫ്ലോട്ടിങ് ഡിസ്കുമാണ്.മൈലേജ്-വില

ആഫ്രിക്ക ട്വിന്നിൽ 18.8 ലിറ്ററിന്റെ ഫ്യുവൽ ടാങ്കാണ് നൽകിയിരിക്കുന്നത്. മൈലേജ് 16kmpl നൽകുമെന്ന് കമ്പനി അവകാശപ്പെടുന്ന ഈ ബൈക്കിന്റെ വില Rs.13.6 ലക്ഷമാണ് (എക്സ്-ഷോറൂം ന്യൂ ഡൽഹി).

കാവസാക്കി വേർസിസ് 1000L ലാണെങ്കിൽ 21 ലിറ്ററിന്റെ ഫ്യുവൽ ടാങ്കാണ് നൽകിയിരിക്കുന്നത്. മൈലേജ് 14kmpl നൽകുമെന്ന് കമ്പനി അവകാശപ്പെടുന്ന ഈ ബൈക്കിന്റെ വില Rs.14.07 ലക്ഷമാണ് (എക്സ്-ഷോറൂം ന്യൂ ഡൽഹി).

ട്രയംഫ് ടൈഗർ 800ൽ 19 ലിറ്ററിന്റെ വലിയ ഫ്യുവൽ ടാങ്കാണ് നൽകിയിരിക്കുന്നത്. 27.4kmpl മൈലേജ് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്ന ഈ ബൈക്കിന്റെ വില Rs.12.29 ലക്ഷമാണ് (എക്സ്-ഷോറൂം ന്യൂ ഡൽഹി). ഈ മൈലേജിൽ കൂട്ടത്തിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള വാഹനമാണ് ട്രയംഫ് ടൈഗർ 800.

വിധി നിർണയം

ഇന്ധനക്ഷമതയും ഭാരിച്ച വിലയില്ലാത്ത (ക്ഷമിക്കണം, ഇവിടെ ചർച്ചയിലുള്ള മൂന്ന് വാഹനങ്ങളെ കുറിച്ചായത് കൊണ്ടും അവയെല്ലാം പ്രീമിയം ബൈക്കുകളായത് കൊണ്ടും ഇങ്ങനെ പറയാനേ സാധിക്കുകയുള്ളു) സുഗമമായ യാത്ര ഉറപ്പു തരുന്ന അത്യാവശ്യം സ്റ്റൈലുള്ള ഒരു വാഹനമാണ് നിങ്ങൾക്ക് വേണ്ടതെങ്കിൽ ടൈഗർ 800 തിരഞ്ഞെടുക്കാം. അതല്ല ഞെട്ടിക്കുന്ന സ്റ്റൈലും ഏറ്റവും പുതിയതുമായ ബൈക്ക് തന്നെ വേണം, എന്നാൽ ഒരുപാട് ചെലവാക്കാൻ താല്പര്യമില്ല എന്നുമാണെങ്കിൽ സുഖപ്രദമായ യാത്രയും ഒപ്പം മോശമില്ലാത്ത പെർഫോമൻസും കാഴ്ച വെക്കുന്ന ഹോണ്ട ആഫ്രിക്ക ട്വിൻ തന്നെ തിരഞ്ഞെടുക്കാം. ഇതൊന്നുമല്ല, സ്റ്റൈലും കരുത്തും മികച്ച സവിശേഷതകളുമെല്ലാ വേണം, പണം ചിലവാക്കാൻ മടിയില്ല എന്നാണെങ്കിൽ കാവസാക്കി വേർസിസ് 1000L തന്നെ നിങ്ങൾക്ക് ഉത്തമ ബൈക്ക്.

ഇതെല്ലാമാണെങ്കിലും ഓരോന്നിനും അതിന്റെതായ മികവും കുറവുമുണ്ട്. ഓടിച്ച് നോക്കി വേണ്ട വാഹനം വാങ്ങിക്കുക, വിപണിയിൽ നിലവിലുള്ള മൂന്ന് വമ്പന്മാരെ ഞാൻ എനിക്കറിയാവുന്ന രീതിയിൽ താരതമ്യം ചെയ്ത് നിങ്ങളെ സഹായിക്കാൻ ശ്രമിച്ചുവെന്ന് മാത്രം.

1 Comments

Share Post

img
img
img

Blog Archive